
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വസതിയിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരെ സിപിഎം രംഗത്ത്. ഇഡിയുടെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പിണറായി വിജയനോ ഭാര്യയോ മകളോ വീട്ടിലില്ലാത്ത സമയം നോക്കിയാണ് ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചത്. ഒരു പിടികിട്ടാപ്പുള്ളിയോടെന്ന പോലെയുള്ള സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വി ശിവൻകുട്ടി ആരോപിച്ചു. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന വസ്തുത പോലും ഇഡി കണക്കിലെടുത്തില്ലെന്നും ഇത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. നിലവിൽ കണ്ണൂരിലുള്ള പിണറായി വിജയന് സമൻസ് തപാൽ മാർഗ്ഗം അയക്കുമെന്ന് കരുതിയിരുന്നിടത്താണ് ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചത്.