Banner Ads

ശബരിമല മുന്നൊരുക്കങ്ങളിൽ വീഴ്ച: സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പരാതിയുമായി ഭരണാനുകൂല യൂണിയൻ

പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ വലിയ വീഴ്ചകളും അപാകതകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം വകുപ്പ് മന്ത്രിക്കും പരാതി നൽകി.

ദേവസ്വം ബോർഡിന്റെ നിലവിലെ പല തീരുമാനങ്ങളും വിത്തെടുത്ത് കുത്തുന്നതിന് തുല്യമാണെന്ന് യൂണിയൻ ആരോപിക്കുന്നു. ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്സുകൾ അടച്ചുകളയുന്ന ഇത്തരം നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ചില സ്ഥാപിത താല്പര്യക്കാർ നടത്തുന്ന ആസൂത്രിത ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കരാറുകാർ പമ്പയിൽ സാധനങ്ങൾ എത്തിച്ചാൽ മതിയെന്നും പരിശോധനയ്ക്ക് ശേഷം ബോർഡ് സ്വന്തം ചെലവിൽ അത് സന്നിധാനത്ത് എത്തിക്കുമെന്നുമുള്ള പുതിയ തീരുമാനം അരവണ നിർമ്മാണത്തിനുള്ള ശർക്കര ഉൾപ്പെടെയുള്ള വസ്തുക്കളുടെ നീക്കത്തെയും സംഭരണത്തെയും പ്രതികൂലമായി ബാധിക്കും.

ട്രാക്ടറുകളുടെ ലഭ്യതക്കുറവ്, അധികച്ചെലവ്, വാഹനങ്ങളുടെ കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ് എന്നിവ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. 2025ലെ ലേലങ്ങളിൽ ഉൾപ്പെട്ടിരുന്ന 28ഓളം ഇനങ്ങൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

ഇതിലൂടെ മാത്രം ദേവസ്വം ബോർഡിന് 10 കോടി രൂപയിലേറെ സാമ്പത്തിക നഷ്ടമുണ്ടാകും. ഉയർന്ന ലേലത്തുക ലഭിച്ചിരുന്ന ശൗചാലയ സമുച്ചയങ്ങൾ സൗജന്യമാക്കുന്നതിന്റെ സാമ്പത്തിക ആഘാതം വിലയിരുത്താതെ പകരം വെർച്വൽ ക്യൂ ഫീസ് 10 രൂപയായി ഉയർത്താനുള്ള നീക്കം ഭക്തർക്ക് മേൽ അധിക ബാധ്യത വരുത്തിവെക്കും.

ടോയ്‌ലറ്റ് ലേലത്തിലൂടെ മാത്രം ബോർഡിന് 3 കോടിയിലധികം വരുമാനം ലഭിച്ചിരുന്നുവെന്നും ഫീസ് വർധിപ്പിച്ചാൽ പോലും ഈ തുക തിരിച്ചുപിടിക്കാനാകില്ലെന്നും യൂണിയൻ വ്യക്തമാക്കുന്നു. എരുമേലിയിലെ ലേലനടപടികളിലുണ്ടായ കാലതാമസം പരിശോധിക്കണം.

കൂടാതെ സർവീസ് കാലാവധി 6 വർഷത്തോളം ബാക്കിനിൽക്കെ നിലവിലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സ്വമേധയാ വിരമിക്കൽ അപേക്ഷ നൽകിയതും പിന്നീട് അത് പിൻവലിച്ചതുമായ സംഭവങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു.