Banner Ads

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനാ ഫലം. കാക്കനാട്ടെ റീജ്യണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ രക്തസാമ്പിൾ പരിശോധനയിൽ അനുവദനീയമായ പരിധിയായ 30 മില്ലിഗ്രാമിനേക്കാൾ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ അളവ് കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രി പുറത്തുവന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള വിശദമായ പരിശോധനാ ഫലം ലഭിക്കാൻ വൈകും. നിലവിൽ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് (MV Act 185) പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ലഹരിപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം.