
തിരുവനന്തപുരം : തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഒക്ടോബർ 19 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും 40 കിമീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. നാളെ (ഒക്ടോബർ 16)14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒക്ടോബർ 17ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒക്ടോബർ 18 കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒക്ടോബർ 19 പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് പ്രവചനമുള്ളത്.