
തിരുവനന്തപുരം: കേരളത്തിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്തുനിന്നും കാലവർഷം പൂർണ്ണമായി പിൻവാങ്ങുമെന്നും, പിന്നാലെ തുലാവർഷം (വടക്കുകിഴക്കൻ കാലവർഷം) പെയ്തുതുടങ്ങുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
സാധാരണയായി ഒക്ടോബർ 15-നു ശേഷമാണ് തുലാവർഷം ആരംഭിക്കാറുള്ളത്. ഈ വർഷവും കാലവർഷത്തിന്റെ പിൻവാങ്ങൽ ശരാശരി സമയക്രമത്തിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.കഴിഞ്ഞ മാസം 19-ന് രാജസ്ഥാനിൽ നിന്നാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഈ വർഷത്തെ പിന്മാറ്റത്തിന് തുടക്കമായത്.
എന്നാൽ തുടക്കത്തിൽ അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ പിന്മാറ്റം അല്പം വൈകിയിരുന്നു. കാലാവസ്ഥാ വകുപ്പ് നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് നിലവിൽ കാലവർഷം അതിന്റെ പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് തുലാവർഷ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.