
കൊച്ചി/കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ തുടർന്ന് കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നും റിയാദിലേക്ക് പുറപ്പെടേണ്ട നിരവധി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് സൗദിയിലേക്കുള്ള ആറ് സർവീസുകൾ റദ്ദാക്കി. ഇതിൽ ഇന്ന് മൂന്ന് സർവീസുകളും ചൊവ്വാഴ്ചത്തെ റിയാദിൽ നിന്നുള്ള കൊച്ചി മടക്ക സർവീസും ഉൾപ്പെടുന്നു.
സൗദി എയർലൈൻസ് (SV 713): രാവിലെ 9:55-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ്
– ഫ്ലൈനാസ് (XY 328): രാവിലെ 9:10-ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ്
– എയർ ഇന്ത്യ എക്സ്പ്രസ്സ് (IX 321): രാത്രി 8:15-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ്
സർവീസുകൾ റദ്ദാക്കിയ വിവരം വിമാനക്കമ്പനികൾ നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിക്കുകയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു