Banner Ads

കാലടി സംസ്കൃത സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു: പെരുമാറ്റച്ചട്ട ലംഘനമെന്ന് അധികൃതർ; അട്ടിമറിയെന്ന് എസ്എഫ്ഐ

കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ക്യാമ്പസിൽ ഒക്ടോബർ 16ന് നടക്കാനിരുന്ന യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. നാമനിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായ ഘട്ടത്തിലാണ് നടപടി. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി.

തീരുമാനത്തിനെതിരെ എസ്എഫ്ഐ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി. ഒക്ടോബർ 16ന് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ഇറങ്ങുമെന്നും കോടതിയെ സമീപിക്കുമെന്നും സംഘടന നേതാക്കൾ അറിയിച്ചു.