Banner Ads

സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

ഇന്ന് (08/10/2026) കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ (09/10/2026) കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിലും മറ്റന്നാൾ (10/10/2026) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.