
വൈത്തിരി: ചെന്നൈയിൽ വെച്ച് നഷ്ടപ്പെട്ട സ്മാർട്ട്ഫോൺ മാസങ്ങൾക്കപ്പുറം മലപ്പുറത്തുനിന്ന് കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി കേരള പോലീസ്. ചെന്നൈ സ്വദേശിയായ സത്യയുടെ പിതാവിന്റെ ഫോണാണ് കഴിഞ്ഞ ജൂണിൽ ചെന്നൈ സെലയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നഷ്ടമായത്.
സംഭവത്തെ തുടർന്ന് ഉടമ സെലയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ പോർട്ടലായ CEIR വഴി ഫോൺ ബ്ലോക്ക് ചെയ്ത് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. CEIR പോർട്ടലിലെ ‘ഷെയേർഡ് ട്രേസബിലിറ്റി ഡീറ്റെയിൽസ്’ സാങ്കേതികവിദ്യയിലൂടെ ഫോണിന്റെ ലൊക്കേഷൻ വയനാട്ടിലെ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് ചെന്നൈ പോലീസ് കണ്ടെത്തി.
തുടർന്ന് ഈ ഹർജി വൈത്തിരി സ്റ്റേഷനിലേക്ക്കൈ മാറുകയായിരുന്നു.വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.പി. ആഷിഖിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഫോൺ മലപ്പുറം തിരൂരങ്ങാടിയിൽ ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തി വീണ്ടെടുത്തത്.ഫോൺ കണ്ടെത്തിയെങ്കിലും ചെന്നൈയിൽ നിന്നുള്ള പരാതിക്കാരന്റെ യാത്രാസൗകര്യവും ദൂരവും പരിഗണിച്ച് സി.പി.ഒ ആഷിഖ് സ്വന്തം മുൻകൈയിൽ ഫോൺ കൊറിയർ വഴി ചെന്നൈയിലെ വിലാസത്തിലേക്ക് അയച്ചുനൽകി.
പിതാവിന്റെ ആദ്യ സ്മാർട്ട്ഫോൺ സുരക്ഷിതമായി തിരികെ ലഭിച്ചതിൽ കേരള പോലീസിന് നന്ദി അറിയിച്ചുകൊണ്ട് സത്യ വീഡിയോ സന്ദേശം പങ്കുവെച്ചു.മൊബൈൽ ഫോണുകൾ കണ്ടെത്താൻ കേരള പോലീസ് നടത്തുന്ന ഇടപെടലുകൾക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത് വൈത്തിരി സ്റ്റേഷനിലെ സി.പി.ഒ പി.പി. ആഷിഖ് മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ 25-ഓളം ഫോണുകളാണ് കണ്ടെത്തി ഉടമകൾക്ക് നൽകിയത്.
CEIR പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ നിരന്തരം പിന്തുടർന്നാണ് ഈ നേട്ടം കൈവരിച്ചത്.മുൻപ് വയനാട്ടിൽ വിനോദയാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ട കൊൽക്കത്ത സ്വദേശിക്കും സമാനമായ രീതിയിൽ ഫോൺ വീണ്ടെടുത്തു നൽകി ആഷിഖ് ശ്രദ്ധ നേടിയിരുന്നു