
കൊച്ചി: റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ, അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. കേസിൽ നിലവിൽ ലില്ലി ജോസിനെ പ്രതി ചേർത്തിട്ടില്ലാത്തതിനാലാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്.
എന്നാൽ, ഭാവിയിൽ കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായ പരിധിയിൽ കൂടുതൽ മദ്യശേഖരം കണ്ടെടുത്ത വീട് തന്റെ ഭാര്യാമാതാവായ ലില്ലിയുടെ പേരിലുള്ളതാണെന്ന് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയിരുന്നു.
ഇതേത്തുടർന്ന് എക്സൈസ് സംഘം ഇവരുടെ മൊഴിയെടുക്കാൻ നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.