
തിരുവനന്തപുരം : കൗൺസിലർ സ്ഥാനം രാജിവെച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം. ശ്രീലേഖ രാജിക്കത്ത് പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, എസ് സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചു.
ശാസ്തമംഗലം വാർഡ് കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ പാർട്ടി ചെയ്തുനൽകാമെന്ന വാഗ്ദാനം നൽകിയതായാണ് സൂചന. എന്നാൽ ശാസ്തമംഗലം വാർഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി പ്രഖ്യാപനം ശ്രീലേഖ ഇതുവരെ പിൻവലിച്ചിട്ടില്ല. അതേസമയം, തിരുവനന്തപുരം നഗരസഭാ ഭരണത്തിൽ യാതൊരുവിധ പ്രതിസന്ധിയില്ലെന്ന് മേയർ വിവി രാജേഷ് പ്രതികരിച്ചു.
പല കൗൺസിലർമാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തുകൾ നൽകാറുണ്ടെന്നും ആർ ശ്രീലേഖ കൗൺസിലറായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിക്കാര്യത്തിൽ ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. മേയർക്ക് രാജിക്കത്ത് നൽകിയെങ്കിലും നഗരസഭാ സെക്രട്ടറിക്ക് അവർ ഇതുവരെ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ല.
കഴിഞ്ഞദിവസം രാവിലെ 11.52ന് ശാസ്തമംഗലം വാർഡിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചാണ് രാജി വിവരം ശ്രീലേഖ പരസ്യമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുകയാണെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയെന്നുമായിരുന്നു സന്ദേശം. കഴിഞ്ഞ മാസം 30ന് തന്നെ മേയർക്ക് രാജിക്കത്ത് നൽകിയിരുന്നെങ്കിലും വിഷയം പുറത്തുവിടാതിരുന്നതിനെ തുടർന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ നീക്കം പരസ്യമാക്കിയത്.
വരുംദിവസങ്ങളിൽ കളക്ടർക്കും കത്തിന്റെ പകർപ്പ് നൽകുമെന്നാണ് വിവരം. 2024ൽ ബിജെപിയിൽ ചേർന്ന സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായ ശ്രീലേഖയെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാവി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പാർട്ടി പ്രചാരണം നടത്തിയത്.
എന്നാൽ തലസ്ഥാന ഭരണം നേടിയിട്ടും മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ തുടങ്ങിയ അതൃപ്തിയാണ് ഇപ്പോഴത്തെ രാജി പ്രഖ്യാപനത്തിൽ കലാശിച്ചതെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും അമർഷത്തിന് കാരണമായിട്ടുണ്ട്.