
ബെംഗളൂരു : കർണാടകത്തിൽ രൂക്ഷമായ വരൾച്ച നേരിടാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. സംസ്ഥാനം ആവശ്യപ്പെട്ട 3705 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും കർഷകർക്ക് അടിയന്തര ആശ്വാസം നൽകുന്നതിൽ രാഷ്ട്രീയം കാണരുതെന്നും ഖർഗെ ആവശ്യപ്പെട്ടു.
കല്യാൺ കർണാടക മേഖലയിലെ വരൾച്ചാ സ്ഥിതി വിലയിരുത്താൻ പ്രത്യേക കേന്ദ്രസംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും ഖർഗെ മുന്നോട്ടുവെച്ചിട്ടുണ്ട്. വരൾച്ച വിലയിരുത്താൻ കേന്ദ്രസംഘം ബെംഗളൂരുവിൽ എത്തിയ ദിവസമാണ് ഖർഗെ കത്തയച്ചത്. കേന്ദ്ര കാർഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി.
അടുത്ത മൂന്ന് ദിവസങ്ങളിൽ സംഘം സംസ്ഥാനത്തെ വിവിധ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.