
കൊല്ലം : കൊട്ടാരക്കരയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരന്റെ മുഖം തെരുവുനായ കടിച്ചുപറിച്ചു. കുട്ടിയുടെ അമ്മൂമ്മയ്ക്കും നായയുടെ കടിയേറ്റു. പട്ടാഴിയിൽ പ്രശാന്ത് – അഞ്ജന ദമ്പതികളുടെ മകൻ ആദർശ് (3), അമ്മൂമ്മ ശോഭന എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവുനായ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മൂമ്മ ശോഭനയ്ക്കും കടിയേറ്റത്.
പരിക്കേറ്റ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.