
വാഗമൺ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ വ്യാജ പട്ടയങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പട്ടയം ലഭിച്ചവർക്കായി പീരുമേട് തഹസിൽദാർ ഈ മാസം ഒൻപതാം തീയതി ഹിയറിംഗ് നടത്തും. പന്ത്രണ്ട് ഏക്കറോളം വരുന്ന ഭൂമിയാണ് കയ്യേറ്റ മാഫിയ വ്യാജ രേഖകളുണ്ടാക്കി സ്വന്തമാക്കിയത്.
അമേരിക്കയിലുള്ള നാല് വ്യക്തികളുടെ പേരിൽ വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ഇവർ പട്ടയം സമ്പാദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 2012-ൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ച് തിരിച്ചുപിടിച്ച ഭൂമിയാണ് വ്യാജരേഖകളിലൂടെ വീണ്ടും കൈവശപ്പെടുത്തിയത്.ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം ചേരാതെയാണ് ഭൂമിക്ക് പട്ടയം അനുവദിച്ചത്. ഇതോടൊപ്പം, വാഗമണ്ണിലെ യഥാർത്ഥ ഭൂവുടമകളുടെ സർവേ നമ്പർ തിരുത്തി നൽകിയ ഉത്തരവ് ഉദ്യോഗസ്ഥരും കയ്യേറ്റക്കാരും ചേർന്ന് ദുരുപയോഗം ചെയ്തതായും കണ്ടെത്തലുണ്ട്.
പട്ടയം ലഭിച്ച മേരി, മോളി, ഷൈബു മാത്യു എന്നിവരോട് ആവശ്യമായ രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇവർ മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിയറിംഗ് ഒൻപതാം തീയതിയിലേക്ക് മാറ്റിയത്.റെഡ് സോണിൽ ഉൾപ്പെട്ട പ്രദേശത്ത് നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ കെട്ടിട നിർമ്മാണങ്ങൾക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.കയ്യേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.