
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിചാരണയ്ക്ക് മുൻപ് തങ്ങളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും മുതിർന്ന നേതാക്കളും വിടുതൽ ഹർജി നൽകി. കേസ് കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും കള്ളപ്പണ ഇടപാടിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നുമാണ് പാർട്ടി വിടുതൽ ഹർജിയിൽ വാദിക്കുന്നത്.
മുൻ ജില്ലാ സെക്രട്ടറിമാരായ എസി മൊയ്തീൻ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ എന്നിവരടക്കമുള്ള നേതാക്കളാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ സിപിഎമ്മിന്റെയും നേതാക്കളുടെയും വിടുതൽ ഹർജിയെ എതിർക്കാനും ഇതിനായി എതിർ സത്യവാങ്മൂലം സമർപ്പിക്കാനുമാണ് ഇഡിയുടെ തീരുമാനം.
83 പ്രതികളുള്ള കേസിൽ 180 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. കേസിന്റെ അനുബന്ധ കുറ്റപത്രത്തിലാണ് സിപിഎമ്മിനെയും മുതിർന്ന നേതാക്കളെയും പ്രതി ചേർത്തിട്ടുള്ളത്.
കരുവന്നൂർ ബാങ്കിൽ നിന്ന് അനധികൃതമായി വായ്പ അനുവദിച്ച വകയിൽ ലഭിച്ച കമ്മീഷൻ തുക ഉപയോഗിച്ചാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ ഭൂമി വാങ്ങിയതെന്നും തട്ടിപ്പിലൂടെ ലഭിച്ച പണം പാർട്ടി ഓഫീസ് നിർമ്മാണത്തിന് ഉപയോഗിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഹർജി കോടതി ഒക്ടോബർ 24ന് പരിഗണിക്കും.