
തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൃത്യമായ പ്രതിരോധവും നിരീക്ഷണവും ഉറപ്പാക്കാൻ സമഗ്രമായ ഹെൽത്ത് ഡാറ്റ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോവിഡിന് ശേഷം വിവിധ രോഗങ്ങളുടെ നിരക്കിൽ വർധനവുണ്ടായിട്ടുണ്ടെന്നും ജീവിതശൈലി രോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ജീവിതരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കേരളത്തെ ആഗോള ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഇതിലൂടെ വിദേശങ്ങളിൽ നിന്നടക്കമുള്ള രോഗികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സാധിക്കും. കോഴിക്കോട് ഏറ്റവും വലിയ അവയവ മാറ്റ ശസ്ത്രക്രിയാ കേന്ദ്രം സ്ഥാപിക്കുമെന്നും രണ്ട് വർഷത്തിനകം ഇതിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം സജ്ജമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.