
തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും മരുന്ന് പ്രതിസന്ധിയുണ്ടെന്ന വാദങ്ങൾ തെറ്റാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മാധ്യമങ്ങളാണ് നിലവിൽ ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വകുപ്പ് മന്ത്രി താനാണെന്നും, മരുന്ന് കമ്പനികളുടെ ഭീഷണികൾ കണ്ട് പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകർച്ചവ്യാധികളിൽ വർധനവൊന്നുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.എയിംസുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പ്രസ്താവന കാര്യമറിയാതെയാണെന്ന് മന്ത്രി പറഞ്ഞു. വല്ലപ്പോഴും കേരളത്തിൽ വന്ന് കാര്യങ്ങൾ അന്വേഷിക്കണം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയതാണ്.
സ്ഥലത്തിന്റെ പേരിൽ സർക്കാരിന് വാശിയില്ലെന്നും കേരളത്തിൽ എവിടെയാണെങ്കിലും എയിംസ് വന്നാൽ മതിയെന്നുമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച് രേഖാമൂലം ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും.