Banner Ads

സുപ്രീം കോടതി ഉത്തരവ്: ഇ-ചെല്ലാൻ പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കും; ഉടമസ്ഥാവകാശ കൈമാറ്റത്തിനും ലൈസൻസ് പുതുക്കലിനും വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഭീമമായി ഉയർന്ന പശ്ചാത്തലത്തിൽ കർശന നടപടികളിലേക്ക് കടക്കാൻ സുപ്രീം കോടതി നിർദ്ദേശം. പിഴ തുക അടച്ചുതീർക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ മിന്നൽ പരിശോധന നടത്താനും, കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. നിലവിൽ രാജ്യത്തുടനീളം 49,194.05 കോടി രൂപയുടെ ട്രാഫിക് പിഴയാണ് കുടിശ്ശികയായി കിടക്കുന്നത്. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിഴ തുക അടയ്ക്കാത്ത വാഹനങ്ങൾ വിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും.

കുടിശ്ശിക പൂർണ്ണമായി തീർപ്പാക്കാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) എന്നിവ നൽകില്ല.വൻതോതിൽ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് പുതുക്കുന്നത് തടയുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.വെറും ഇ-ചെല്ലാനുകൾ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് സാധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇത്രയും വലിയൊരു തുക പിഴയിനത്തിൽ കുടിശ്ശിക കിടക്കുന്നത് നിസ്സാരമായി കാണാനാകില്ലെന്നും, നിയമലംഘനം തുടരുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്നും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു.