Banner Ads

പിഎം ശ്രീ പദ്ധതിയിൽ ലീഗ് എതിർപ്പ് ശക്തം; നടപടികൾ മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്.

വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. പദ്ധതിയുമായി മുന്നോട്ടുപോയി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് പൊതു ധാരണ. അനിവാര്യമായ സാഹചര്യം ഉണ്ടായാൽ മാത്രം തുടർനടപടികളെക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന് ധാരണയായിട്ടുണ്ട്.

മന്ത്രിസഭാ ഉപസമിതി യോഗങ്ങൾ ചേരുന്നത് ഉൾപ്പെടെയുള്ള നടപടികൾ താത്കാലികമായി മരവിപ്പിച്ചു. പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാരിൽ നിന്ന് രണ്ട് തവണ കത്തുകൾ ലഭിച്ചിട്ടും സംസ്ഥാനം നിർദേശം നടപ്പാക്കാൻ തയാറായിട്ടില്ല.

കേന്ദ്ര കരിക്കുലത്തിലെ നിബന്ധനകൾ അതേപടി അംഗീകരിക്കാൻ കഴിയില്ലെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാൻ സംസ്ഥാനത്തിന് പൂർണ സ്വാതന്ത്ര്യം വേണമെന്നും മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതി പൂർണമായും തള്ളണമെന്ന നിലപാടിലാണ് എംഎസ്എഫും യൂത്ത് ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ.

പാർട്ടിക്കുള്ളിലെ കടുത്ത അതൃപ്തിയെത്തുടർന്ന് ലീഗ് നേതൃത്വം നിലപാട് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി അംഗമായ മന്ത്രി എം ലിജു അടക്കമുള്ള നേതാക്കളും പദ്ധതിക്കെതിരെ സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.