
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ കനത്തേക്കും. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിനിടെ, മോശം കാലാവസ്ഥയിലും ഇടിമിന്നലിലും സംസ്ഥാനത്ത് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വീടുപണിയിൽ ഏർപ്പെട്ടിരുന്നതിനിടയിൽ ഇടിമിന്നലേറ്റ് നിർമ്മാണത്തൊഴിലാളി വിൻസെന്റ് മരിച്ചു. ഇടിമിന്നലേറ്റ് പരിക്കേറ്റ മറ്റു മൂന്നുപേർ ചികിത്സയിലാണ്.
കൂടാതെ, പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ജോലിക്കിടെ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനായ കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർക്കും (മണിയൻ – 67) ഇടിമിന്നലേറ്റു. ഉടൻതന്നെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.