
ദില്ലി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാല ഭരണഘടനാ ബെഞ്ചിന്റെ പുനപരിശോധനാ കേസിൽ ജസ്റ്റിസ് ബി വി നാഗരത്ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്. വിഷയം പരിഗണിക്കുന്ന ഒൻപതംഗ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങുന്ന ആദ്യ ജഡ്ജിയാണ് ബി വി നാഗരത്ന.
മതപരമായ ആചാരങ്ങളിൽ കൈകടത്താൻ കോടതികൾക്ക് പരിമിതികളുണ്ടെങ്കിലും ഇടപെടാൻ തീർത്തും അധികാരമില്ലെന്ന വാദം നിലനിൽക്കില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കേസിൽ 16 ദിവസം നീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജി കൂടിയാണ് ബി വി നാഗരത്ന.
എന്നാൽ, വിശ്വാസികൾ ആചാരങ്ങളുടെ യുക്തി നോക്കിയല്ല അത് പാലിക്കുന്നതെന്നും അവിശ്വാസികൾക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് നാഗരത്ന വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കേസിൽ സർക്കാരിന്റെ നിലപാടും നിർണ്ണായകമാണ്.
ആചാരങ്ങളിലെ കോടതി ഇടപെടൽ, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ നിലവിൽ യുവതീപ്രവേശനത്തെ പൂർണ്ണമായി അനുകൂലിക്കാതെയോ എതിർക്കാതെയോ ഉള്ള വാദങ്ങളാണ് സംസ്ഥാനം നൽകിയിട്ടുള്ളത്.
കേരളത്തിലെ സമൂഹം ശബരിമല ആചാരത്തെ മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ വി ഗിരി വാദിച്ചപ്പോൾ ആചാരങ്ങളിൽ കടന്നുകയറുന്ന പരിശോധനകളിൽ നിന്ന് കോടതികൾ പിന്മാറണമെന്ന് പന്തളം കൊട്ടാരത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജെ സായി ദീപകും ആവശ്യപ്പെട്ടു.