
തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിലുണ്ടായ അക്രമത്തിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിവൈഎഫ്ഐ – സിപിഎം ക്രിമിനലുകൾ നടത്തിയ ക്രൂരമായ ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടെയും ഗൂഢാലോചനയോടെയുമാണ് ഇത് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിക്കെതിരെ ആക്രമണം അഴിച്ചുവിട്ട ക്രിമിനലുകളെയും ഇതിന് പിന്നിൽ പ്രവർത്തിച്ച സിപിഎം – ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. മുൻപ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം നടത്തിയ അക്രമങ്ങളുടെ തുടർച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ടത്.
തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സിപിഎം നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധി മറച്ചുവെക്കാനും നാട്ടിൽ കലാപമുണ്ടാക്കാനുമാണ് ഇത്തരം നീക്കങ്ങൾ.ക്രിമിനൽ മാഫിയ സംഘത്തെ പോലെയാണ് നിലവിൽ സിപിഎം പ്രവർത്തിക്കുന്നത്. ക്രിമിനലുകളെയും ക്വട്ടേഷൻ സംഘങ്ങളെയും ഇറക്കി അക്രമ സമരം നടത്താനാണ് സിപിഎം ശ്രമിക്കുന്നതെങ്കിൽ അത് ശക്തമായി അടിച്ചമർത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി സർക്കാരിനും എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങൾക്ക് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നൽകിയതാണോ സിപിഎമ്മിന്റെ പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു.പത്ത് വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനൽ സംഘങ്ങളും കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.