Banner Ads

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരവും രാത്രിയിലും പവർകട്ടിന് സാധ്യത; കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈകുന്നേരവും രാത്രിയിലും പവർകട്ടിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്ര വിഹിതത്തിലും മറ്റ് കരാറുകളിലും പ്രതീക്ഷിച്ച വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് മൊത്തം ലഭ്യതയിൽ 565 മെഗാവാട്ടിന്റെ കുറവ് രേഖപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.

പീക്ക് സമയത്തെ (വൈകീട്ട് 6 മുതൽ രാത്രി 11 വരെ) കടുത്ത ദൗർലഭ്യം പരിഹരിക്കാൻ തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി വിലയ്ക്ക് വാങ്ങാൻ സാധിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി രാത്രി 9 മണിക്ക് ശേഷമേ ലഭ്യമാകൂ.

കൂടാതെ ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 250 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് എത്തിക്കാൻ ധാരണയായിട്ടുണ്ട്. ജനങ്ങൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.