
കോട്ടയം : വാഹനാപകടത്തിൽ മരിച്ച സിനിമ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോട്ടയം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (എംഎസിടി) കോടതിയുടേതാണ് ഉത്തരവ്. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരാണ് നഷ്ടപരിഹാര തുകയ്ക്ക് അർഹരായ ആശ്രിതർ. ഇൻഷുറൻസ് കമ്പനിയാണ് തുക കൈമാറേണ്ടത്.
1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. പലിശയും കോടതിച്ചെലവുകളും ഉൾപ്പെടെ ചേർത്താണ് 1.77 കോടി രൂപ നൽകാൻ ഉത്തരവിട്ടത്. 2023 ജൂണിൽ തൃശ്ശൂർ കൈപമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.