Banner Ads

മാഹിയിൽ മീൻ കഴുകുന്നതിനിടെ കറന്റ് പോയി; ചട്ടിയിലിരുന്ന മത്തി മുട്ട തിളങ്ങുന്നത് കണ്ട് ഞെട്ടി വീട്ടുകാർ

മാഹി : കടയിൽ നിന്ന് വാങ്ങിയ മത്തിയുടെ മുട്ട ഇരുട്ടിൽ നീല കലർന്ന പച്ചനിറത്തിൽ പ്രകാശിക്കുന്നത് കണ്ട് അമ്പരന്ന് വീട്ടുകാർ. മാഹി സ്വദേശി ശ്രുതി ജിബിൻ തലശ്ശേരി എരഞ്ഞോളിയിലെ കടയിൽ നിന്ന് വാങ്ങിയ മീനിലാണ് അപൂർവ്വമായ ഈ പ്രകാശം കണ്ടത്. മത്തി നന്നാക്കുന്നതിനിടെ വൈദ്യുതി തടസ്സപ്പെട്ടപ്പോഴാണ് ചട്ടിയിലിരുന്ന മീൻ തിളങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ലൈറ്റ് ഓഫ് ചെയ്ത് ഇതിന്റെ ദൃശ്യങ്ങൾ വീണ്ടും പകർത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്തി സ്വാഭാവികമായി പ്രകാശം പുറപ്പെടുവിക്കുന്ന ജീവിയല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം പ്രകാശം കാണപ്പെടാറുണ്ട്. കടലിൽ നിന്ന് പിടിച്ച ശേഷം മീൻ ചത്തുകഴിയുമ്പോൾ ശരീരത്തിൽ ലൂമിനസെന്റ് ഇനത്തിൽപ്പെട്ട ബാക്ടീരിയകൾ അതിവേഗം വളരുന്നതാണ് ഇതിന് കാരണം.

ഇരുട്ടിൽ ഈ ബാക്ടീരിയകളുടെ സാന്നിധ്യം നിമിത്തമാണ് നേരിയ വെളിച്ചം പ്രതിഫലിക്കുന്നത്. കൂടാതെ മീനുകളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് വായുവിലെ ഓക്സിജനുമായി പ്രവർത്തിക്കുമ്പോഴും മീൻ കേടാകാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർക്കുമ്പോഴും ഇത്തരം രാസപ്രവർത്തനങ്ങൾ നടന്നേക്കാം.

എന്നാൽ ഭൂരിഭാഗം കേസുകളിലും ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിൽ. ബാക്ടീരിയകളുടെ അമിതമായ വളർച്ച മീൻ അഴുകാൻ തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനയായതിനാൽ ഇത്തരം മത്സ്യങ്ങൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.