
തിരുവനന്തപുരം : സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവോടെ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ ലഭിക്കേണ്ട മഴയേക്കാൾ 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സൂപ്പർ എൽനിനോ പ്രതിഭാസമാണ് ഇത്തവണ കാലവർഷത്തിന് തിരിച്ചടിയായത്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശരാശരിയേക്കാൾ വളരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. വയനാട് ജില്ലയിൽ സാധാരണ ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും ലഭിച്ചില്ല.
സീസൺ കാലാവധി അവസാനിച്ചെങ്കിലും കാലവർഷം പൂർണ്ണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ നാളെ (ഒക്ടോബർ 1) മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ (വടക്കുകിഴക്കൻ മൺസൂൺ) കണക്കുകളിലാണ് ഉൾപ്പെടുത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.