
ഇടുക്കി : 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് നൽകിയത്.
ഇക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുഞ്ഞിന് മരുന്ന് നൽകിയില്ല. സെപ്റ്റംബർ 26നാണ് ജലദോഷവും ത്വക്കിലെ അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അലർജിക്ക് പുരട്ടാനുള്ള ഓയിന്റ്മെന്റും മൂക്കിലൊഴിക്കാനുള്ള മരുന്നുമാണ് ഡോക്ടർ കുറിച്ച് നൽകിയത്.
തുടർന്ന് ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തി പുരട്ടാൻ തുടങ്ങിയപ്പോഴാണ് മാതാപിതാക്കൾ കാലാവധി പരിശോധിച്ചത്. 2024 ജൂണിൽ ഉത്പാദിപ്പിച്ച രണ്ട് വർഷ കാലാവധിയുള്ള മരുന്നാണ് (2026 ജൂണിൽ കാലാവധി തീർന്നത്) നൽകിയതെന്ന് കണ്ടെത്തി.
സംഭവത്തിൽ മാതാപിതാക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഫാർമസി അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.