Banner Ads

അധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുത്; ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ അത്‌ലറ്റിക്സ് അസോസിയേഷൻ

തിരുവനന്തപുരം : ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും മലയാളി അത്‌‌ലറ്റുമായ ആൻസി സോജനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി കേരള അത്‌ലറ്റിക്‌‌സ് അസോസിയേഷൻ. ആൻസിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അസോസിയേഷൻ താരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് #StandWithAncy ക്യാമ്പയിനും ആഹ്വാനം ചെയ്തു.

ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ വെള്ളി മെഡൽ നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് മത്സരസമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ ഉയർന്നത്. ആഭരണങ്ങൾ അഴിച്ചുവെച്ച് ചാടിയിരുന്നെങ്കിൽ സ്വർണ്ണം ലഭിക്കുമായിരുന്നു എന്ന രീതിയിൽ വിമർശനങ്ങൾ രൂക്ഷമായതോടെ ആൻസിയും കുടുംബവും ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

ഇത്തരത്തിലുള്ള പേഴ്സണൽ സ്റ്റൈലുകൾ ട്രാക്കിൽ ആൻസിയുടെ ആത്മവിശ്വാസം ഉയർത്തുകയാണ് ചെയ്യുന്നതെന്ന് സഹോദരി വ്യക്തമാക്കി. ഒരു കായികതാരത്തിന്റെ അധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ആഭരണങ്ങൾ അണിഞ്ഞുതന്നെയാണ് അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് താൻ തകർത്തതെന്നും ആൻസിയും പ്രതികരിച്ചു. ആൻസിയുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടങ്ങൾക്ക് പിന്നിലെന്നും അസോസിയേഷൻ വ്യക്തമാക്കി.