
കോഴിക്കോട്: അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ പിടിയിലായ യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെടുത്തു. നടക്കാവ് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനം തിരയുന്നതിനിടെ ഇവ കണ്ടെത്തിയത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച് കാറിൽ നിന്ന് ലഭിച്ചത് എയർ പിസ്റ്റളാണ്.
തോക്കിനൊപ്പം രണ്ട് മദ്യക്കുപ്പികളും വാഹനത്തിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് കോക്ക് സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചത്. മദ്യപിച്ച് അപകടകരമായ രീതിയിലാണ് വാഹനമോടിച്ചതെന്ന് പരാതി ഉയർന്നിരുന്നു.വാഹനം അപകടകരമായി ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയും തുടര്‍ന്ന് നടക്കാവ് പോലീസിന് കൈമാറുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോൾ അശ്വന്ത് കോക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സംഭവത്തിൽ അശ്വന്ത് കോക്ക് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയാണ്. പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.