Banner Ads

നേപ്പാളിൽ കനത്ത മഴയും ഉരുൾപൊട്ടലും: 24 മരണം; കാളി ഗണ്ഡകി നദിയിലേക്ക് മലയിടിഞ്ഞു വീണു

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിലായി ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ ഇതുവരെ 24 പേർ കൊല്ലപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തു. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നൂറുകണക്കിന് വീടുകളും ഏക്കർ കണക്കിന് ഭൂമിയും വെള്ളത്തിനടിയിലായി.ഞായറാഴ്ച ലെറ്റെ മേഖലയിൽ മുസ്താങ് ജില്ലയിലെ കൂറ്റൻ മലനിരകളിലൊന്ന് വെറും ആറ് സെക്കൻഡുകൾക്കുള്ളിൽ താഴെയുള്ള കാളി ഗണ്ഡകി നദിയിലേക്ക് ഇടിഞ്ഞുവീണു.

ദുരന്തം നേരിട്ടു കണ്ട നാട്ടുകാരുടെയും തീർത്ഥാടകരുടെയും ഭീതിയിലാണ്ട നിലവിളികൾ ദൃശ്യങ്ങളിൽ വ്യക്തമാണ്. മലയിടിച്ചിലിനെ തുടർന്ന് കാളി ഗണ്ഡകി നദിയിലെ ഒഴുക്ക് താത്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് തടസ്സങ്ങൾ നീക്കി ഒഴുക്ക് പുനഃസ്ഥാപിച്ചു.മറ്റൊരു ഗ്രാമപ്രദേശത്ത് കുന്നിൻചെരിവ് പെട്ടെന്ന് താഴേക്ക് ഇടിഞ്ഞുതാഴ്ന്ന് വീടുകളും മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട ഗ്രാമീണരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഗണ്ഡകി പ്രവിശ്യയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. മുസ്താങ്, മ്യാഗ്ദി, പർബത്, സ്യാംഗ്ജ എന്നീ ജില്ലകളിൽ പ്രളയം രൂക്ഷമാണ്.

പർബതിലെ ഒരു ഗ്രാമം പൂർണ്ണമായും വെള്ളത്തിനടിയിലായി.പ്രധാന ഹൈവേകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ചിത്വാൻ ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.മനാങ് ജില്ലയിലെ 7,126 മീറ്റർ ഉയരമുള്ള ഹിംലുങ് ഹിമാൽ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ രണ്ട് മലകയറ്റക്കാർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു.സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഭോട്ടേഖോശിയിലുണ്ടായ പ്രളയദുരന്തത്തിൽ 1,400-ലധികം ആളുകൾ മരണപ്പെടുകയും 6,000-ത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഈ വൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം മുക്തമാകും മുൻപാണ് പുതിയ പ്രകൃതിദുരന്തം നേപ്പാളിനെ വീണ്ടും കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.