Banner Ads

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം വൈകീട്ടോടെയായിരുന്നു സംഭവം.അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്ന ‘ഥാർ’ വാഹനം നിർത്തിയിട്ടിരുന്ന കാറിലും ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനമുൾപ്പെടെയുള്ള മറ്റു വാഹനങ്ങളിലും ഇടിച്ചതായി പരാതിക്കാർ ആരോപിക്കുന്നു.

അപകടത്തിന് ശേഷം നിർത്തിയിടാതെ കടന്നുകളയാൻ ശ്രമിച്ച വാഹനത്തെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ശേഷം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തിറക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ലക്കുകെട്ട നിലയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ വ്യക്തമാക്കി.തുടർന്ന് അശ്വന്ത് കോക്കിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.