Banner Ads

അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമല്ല; വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമവാർത്തകൾ വസ്തുതാവിരുദ്ധമെന്ന് കായിക-യുവജനകാര്യ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്നും വാർത്താക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.പോസ്റ്റ് പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് അക്കൗണ്ടിൽ പോസ്റ്റ് വന്നതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ ഇത് പ്രചരിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഓഫീസ് ഇടപെട്ട് ഒഴിവാക്കിയത്. പോസ്റ്റ് ഒഴിവാക്കുമ്പോൾ താൻ പൊതുപരിപാടികളിൽ പങ്കെടുക്കുകയായിരുന്നതിനാൽ വിഷയം ഉടനടി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

അമിത് ഷായെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ സംസ്ഥാന മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ വിമർശിക്കുന്ന സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അമിത് ഷാ വന്നതും പോയതും അറിയാതെ ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.