
തൃശൂർ: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടിൽ രാംവിലാസിനെയാണ് (30) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്തു നിന്നാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വലയിലാക്കിയത്.
കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജൂലൈ 24-ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് പഠിക്കാൻ നൽകിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിർത്തി മർദിച്ച പ്രതി, വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
പിടിച്ചുമാറ്റാൻ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും മക്കളെയും ആക്രമിച്ച രാംവിലാസ്, തുടർന്ന് എല്ലാവരുടെയും ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി സ്ഥലംവിട്ടത്.
മതിലകം പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസുകളും അഞ്ച് അടിപിടിക്കേസുകളും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ രാംവിലാസിനെ മുൻപ് മൂന്ന് തവണ കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ട്.