Banner Ads

മലപ്പുറം വെങ്ങാട് തെരുവുനായ ആക്രമണം: മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസ്സുകാരിക്കും 49 കാരനും കടിയേറ്റു; ഭീതിയിൽ നാട്ടുകാർ

മലപ്പുറം : മലപ്പുറം വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായ ആക്രമണം രൂക്ഷം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുവയസുകാരിക്കും 49കാരനും തെരുവുനായയുടെ കടിയേറ്റു. ഒരേ ദിവസം അടുത്തടുത്ത സമയങ്ങളിൽ ആക്രമണമുണ്ടായതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ.

ബുധനാഴ്ച രാവിലെ 9:30ഓടെയാണ് ആദ്യ സംഭവം. വെങ്ങാട് ടിആർകെ യുപി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയും ഇല്ലിക്കോട് പന്തായിൽ ശാനിലിന്റെ മകളുമായ ഹനന്യയ്ക്ക് (5) സ്കൂളിലേക്ക് പോകാൻ വീട്ടുമുറ്റത്ത് നിൽക്കവേയാണ് നായയുടെ കടിയേറ്റത്.

കുട്ടിയുടെ ഇടതുകൈയിലെ വിരലിന് ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഉച്ചയ്ക്ക് 2:40ഓടെ ഇതേ നായ ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്മണ്യനെയും (49) ആക്രമിക്കുകയായിരുന്നു.

വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ പാഞ്ഞെത്തിയ നായ അദ്ദേഹത്തിന്റെ ഇടതുകൈയിൽ കടിക്കുകയായിരുന്നു. നാല് സ്ഥലങ്ങളിൽ മുറിവേറ്റ ബാലസുബ്രഹ്മണ്യൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വീടുകളുടെ പരിസരത്തും റോഡരികിലും തെരുവുനായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് പതിവായിട്ടുണ്ട്.

കുട്ടികൾക്കും വയോധികർക്കും വഴിനടക്കാൻ പോലുമാകാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ആക്രമണം നടത്തിയ തെരുവുനായയെ ഉടൻ പിടികൂടണമെന്നും പ്രദേശത്തെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.