
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ. വിദേശത്തുനിന്ന് വിമാനമിറങ്ങിയ പാർവതിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്.
അർമേനിയ, പോളണ്ട് രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വഞ്ചനാ കേസുകളിൽ ഒന്നാം പ്രതിയാണ് പാർവതി മായ ഷാജി.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കട്ടപ്പന എന്നീ ആഭ്യന്തര കേന്ദ്രങ്ങളിലും ബാംഗ്ലൂരിന് പുറമെ ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ശാഖകളുണ്ട്.
വിദേശ തൊഴിൽ അവസരങ്ങൾ, ഉപരിപഠനം, സ്ഥിരതാമസം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്താണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.