
കണ്ണൂർ : കണ്ണൂർ പെരിങ്ങത്തൂരിൽ നിന്നും 17കാരനായ ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തിൽ തുമ്പുണ്ടാക്കാനാകാതെ പോലീസ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
ആക്ഷൻ കമ്മിറ്റി രൂപീകരണത്തിനായി ഇന്ന് വൈകീട്ട് ആദ്യ യോഗം ചേരും. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ശിവസൂര്യ ഓഗസ്റ്റ് 8നാണ് വീട് വിട്ടിറങ്ങിയത്. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുള്ള അമർഷത്തെ തുടർന്ന് 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് വിദ്യാർത്ഥി വീടുവിട്ടിറങ്ങിയത്.
താൻ കാശിയിലേക്ക് പോവുകയാണ്. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും എന്ന് വ്യക്തമാക്കുന്ന കുറിപ്പും വീട്ടിൽ ഉപേക്ഷിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിനകത്തും പുറത്തും തെരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും അന്വേഷണം നടന്നിരുന്നു. കൂടാതെ ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ കാശിയിൽ നൂറിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു സിസിടിവി ദൃശ്യങ്ങളിൽ പോലും വിദ്യാർത്ഥിയെ കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണ സംഘത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ കാര്യക്ഷമമായ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രദേശവാസികൾ മുന്നോട്ടുവന്നിരിക്കുന്നത്.