
തിരുവനന്തപുരം : ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടം സംഭവിച്ച രീതിയിൽ വ്യക്തതയില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിഗത ക്രിമിനൽ ഉത്തരവാദിത്തം തെളിയിക്കാൻ സാധിക്കാത്തതിനാൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാൻ തെളിവുകൾ പര്യാപ്തമല്ലെന്ന് വിജിലൻസ് അറിയിച്ചു.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിൽ 17.14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വിജിലൻസ് കണ്ടെത്തയിട്ടുണ്ട്.
എന്നാൽ ആരോപണവിധേയരായ 43 പ്രതികളിൽ ഒരാൾക്കെതിരെയല്ലാതെ മറ്റാർക്കെതിരെയും തട്ടിപ്പ് നേരിട്ട് തെളിയിക്കുന്ന തെളിവുകളില്ല. നെയ്യ് ഉൽപ്പാദനം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന തുടങ്ങിയ ഘട്ടങ്ങളിൽ സംഭവിച്ച ഭരണപരമായ വീഴ്ചകളാണ് സാമ്പത്തിക നഷ്ടത്തിന് കാരണമായത്.
പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരെ നേരിട്ട് കൗണ്ടറുകളിൽ നിയോഗിച്ചതും കൗണ്ടറുകളിൽ ടിക്കറ്റ് നൽകുന്നയാളും നെയ്യ് പാക്കറ്റ് വിതരണം ചെയ്യുന്നയാളും ഒരാൾ തന്നെയായതും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിക്കറ്റ് വിതരണവും നെയ്യ് പാക്കറ്റ് നൽകലും രണ്ട് വ്യത്യസ്ത ജീവനക്കാർ നിർവ്വഹിക്കണം.
നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യുകയും ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗും നിർബന്ധമാക്കുകയും വേണം. എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. ഇതിന്റെ ദൃശ്യങ്ങൾ 90 ദിവസം വരെ സൂക്ഷിക്കണം.
ക്രമക്കേടുകൾ ഒഴിവാക്കാൻ മൂന്നാഴ്ചയ്ക്കകം പുതിയ നിർദ്ദേശാവലി ദേവസ്വം ബോർഡ് കോടതിയിൽ സമർപ്പിക്കണം. കൂടാതെ സന്നിധാനത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി മാനേജ്മെന്റ്, സാങ്കേതിക, ഭരണപരമായ വിദഗ്ധരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.