
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് അന്വേഷണ ഏജൻസി പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന പേജുകളാണ് ഷോൺ ജോർജ് പങ്കുവെച്ചത്. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള ഈ താളിൽ പി വി എന്ന് മാത്രമല്ല പിണറായി വിജയൻ എന്ന് പൂർണ്ണമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ ഉമ്മൻ ചാണ്ടിരമേശ് ചെന്നിത്തല വിഎസ് അച്യുതാനന്ദൻ, കെ മുരളീധരൻ, സി കെ ചന്ദ്രപ്പൻ, എളമരം കരീം, എം വി ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെബി ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ താളാണ് പുറത്തുവന്നിട്ടുള്ളത്.
ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നതിന്റെ കാരണം ഈ കൂട്ടുകെട്ടാണെന്നും ഷോൺ ജോർജ് ആരോപിച്ചു. ഇത്രയും വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും കേസ് അന്വേഷിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.