Banner Ads

ശബരിമലയിൽ വൻ സ്വർണക്കൊള്ള: 55 പവന്റെ സ്വർണക്കിരീടവും കാണാതായി; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടമെന്ന് സൂചന

പത്തനംതിട്ട : ശബരിമലയിൽ ഭക്തർ നടയ്ക്കുവെച്ച വിലപിടിപ്പുള്ള സ്വർണക്കിരീടവും കവർന്നതായി സൂചന. 2012ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ സന്നിധാനത്ത് സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണാതായത്. ദേവസ്വത്തിന്റെ രജിസ്റ്ററിൽ സ്വർണക്കിരീടത്തെക്കുറിച്ചുള്ള രേഖകളുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സ്ട്രോങ് റൂമുകളിൽ നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഈ കണ്ടെത്തൽ.  പരിശോധനകൾ പൂർത്തിയാക്കി അമിക്കസ് ക്യൂറി അന്തിമ റിപ്പോർട്ട് ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും.

നിയമപ്രകാരം ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സന്നിധാനത്തെ താൽക്കാലിക സ്ട്രോങ് റൂമിൽ നിന്ന് ആറന്മുളയിലെ ദേവസ്വം സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ കാണാതായ ഈ സ്വർണക്കിരീടം ആറന്മുളയിലെ സ്ട്രോങ് റൂമിൽ എത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.