
തിരുവനന്തപുരം: മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ച മലപ്പുറം പൂക്കോട്ടുപാടം ടി.കെ. കോളനി സന്ദർശിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴിക്കോട്ടേക്ക് തിരിച്ചു. തിരുവനന്തപുരത്തു നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. പൊലീസ് ഹെലികോപ്റ്ററിന്റെ കാലാവധി അവസാനിച്ചതിനാലാണ് ചാർട്ടേഡ് വിമാനം തിരഞ്ഞെടുത്തതെന്നും എന്നാൽ യാത്ര സ്വന്തം ചെലവിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിക്കി.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടം ടി.കെ. ഉന്നതിയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.
ദുരന്തത്തിൽ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരാൾക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാട് അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരകുണ്ട് സ്വദേശി റഹീം എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.