
കെന്റ്: കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിനായക ചതുർത്ഥി ആഘോഷവും സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ഗ്രേവ്സെന്റിലെ ഡബ്ബ്സ് ഫെയ്സ് ഫാമിൽ സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് ചടങ്ങുകൾ നടന്നത്.
കേരളത്തിലെ പ്രശസ്ത താന്ത്രികാചാര്യൻ തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഐശ്വര്യത്തിനും സമാധാനത്തിനുമായി നാളികേരവും മറ്റ് പുണ്യദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് നടത്തിയ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിൽ പങ്കുകൊള്ളാൻ യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.
വിഘ്നനിവാരകനായ ഗണപതിഭഗവാന് സമർപ്പിച്ച ഈ മഹോത്സവം വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ ഭക്തജനങ്ങൾക്കും വോളണ്ടിയർമാർക്കും സ്പോൺസർമാർക്കും കെന്റ് അയ്യപ്പ ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു.