
ഇടുക്കി : കൊട്ടക്കാമ്പൂരിൽ ഷെഡ് തകർന്നു വീണ് മരണപ്പെട്ട അമ്മൻകോവിൽ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരുടെ മൃതദേഹങ്ങളിൽ സർക്കാരിനു വേണ്ടി ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അന്തിമോപചാരമർപ്പിച്ചു.
അടിമാലി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ രാവിലെ 11 മണിയോടെ മന്ത്രിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി പുഷ്പചക്രം അർപ്പിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കളക്ടർ വി എം ആര്യ എന്നിവരും മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
തുടർന്ന് വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ രാജ, പഞ്ചായത്ത് അംഗം അളക രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലായി കൊട്ടക്കാമ്പൂരിലേക്ക് കൊണ്ടുപോയി. ജില്ലാ കളക്ടറും സബ് കളക്ടറും വിലാപയാത്രയെ അനുഗമിച്ചു.