Banner Ads

സംസ്ഥാനത്തുണ്ടായത് മേഘവിസ്ഫോടനമല്ല; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട അപ്രതീക്ഷിത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പരിമിതമായ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴയാണ് നിലവിലെ പ്രതിഭാസത്തിന് കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

മേഘവിസ്ഫോടനമായി വർഗ്ഗീകരിക്കാവുന്നത്ര അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ചെറിയ പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തിനിടയിൽ വലിയ അളവിൽ മഴ ലഭിക്കുന്ന രീതി കേരളത്തിൽ ഇപ്പോൾ പതിവാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനിലയിലുണ്ടായ വർദ്ധനവും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദ സാന്നിധ്യവുമാണ് സംസ്ഥാനത്ത് പെട്ടെന്നുള്ള കനത്ത മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.

വരും ദിവസങ്ങളിലും സമാനമായ രീതിയിൽ ചെറിയ പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. മലവെള്ളപ്പാച്ചിൽ സാധ്യത മുന്നിൽ കണ്ട് പൊതുജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും ഐ.എം.ഡി ഡയറക്ടർ ആവശ്യപ്പെട്ടു.