
ചെന്നൈ : നടി അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ കോടികളുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും അർജുനും ചേർന്ന് 46 കോടി രൂപ കൈക്കലാക്കാൻ ശ്രമിച്ചെന്നാണ് പരാതി. ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്.
അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. തന്റെ പഴയ അഞ്ച് ചെക്കുകൾ പണം മാറാനായി ബാങ്കിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സെപ്റ്റംബർ 17ന് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോഴാണ് വിവരമറിയുന്നതെന്നും രാധ പരാതിയിൽ പറയുന്നു.
വിവരമറിഞ്ഞയുടൻ തന്നെ ആ ചെക്കുകളുടെ പണമിടപാടുകൾ തടയാൻ ബാങ്കിന് നിർദ്ദേശം നൽകി. സഹോദരിക്ക് താൻ ഒരിക്കലും ആ ചെക്കുകൾ കൈമാറിയിട്ടില്ലെന്നും അത്രയും വലിയൊരു തുക നൽകേണ്ട സാമ്പത്തിക ഇടപാടുകളൊന്നും അവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്നും രാധ വ്യക്തമാക്കി.
താൻ സ്ഥലത്തില്ലാത്ത സമയത്ത് മുറിയിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ അറിവോ സമ്മതമോ കൂടാതെ എടുക്കുകയായിരുന്നു. ഈ ചെക്കുകളിലെ വിവരങ്ങൾ പൂരിപ്പിച്ചത് സഹോദരൻ അർജുൻ ആണെന്നും പരാതിയിൽ പറയുന്നു.
ഇത് കൂടാതെ സ്റ്റുഡിയോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയും കുടുംബപരമായ സ്വർണ്ണ-വജ്രാഭരണങ്ങളെച്ചൊല്ലിയും ഇവർ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.