
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. അപകട സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെ രാത്രിയാത്ര നിരോധിച്ചു. വിവിധ അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമുണ്ട്.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ മൂന്നാറിൽ നിന്നുള്ള വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡ് വഴി പ്രവേശിച്ച് പൊലീസ് സ്റ്റേഷന് അടുത്തുള്ള പാലം കടന്നുവേണം ടൗണിലെത്താൻ.
ജില്ലയിൽ പലയിടത്തും ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. അതേസമയം, അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നേര്യമംഗലം-വാളറ പാതയിലൂടെ യാത്ര ചെയ്യുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി