
കെന്റ് : കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിർഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 14 തിങ്കളാഴ്ച നടന്ന ചടങ്ങിൽ നേരിട്ടും ഓൺലൈനായും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. രാവിലെ ക്ഷേത്രം തുറന്നതിനെ തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷപൂജ എന്നിവയും നടന്നു.
ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നിർവഹിച്ച തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ സൂര്യ കാലടി മഹാഗണപതി ഹോമവും നടത്തി. രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും ഉച്ചപൂജയും പൂർത്തിയാക്കിയാണ് ഉച്ചയ്ക്ക് നട അടച്ചത്. വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതിന് ശേഷം പ്രത്യേക ദീപാരാധനയും അത്താഴപൂജയും നടന്നു.
ഇതിനുപുറമേ അപ്പം മൂടൽ ഉൾപ്പെടെയുള്ള പ്രത്യേക വഴിപാടുകളും ചടങ്ങുകളുടെ ഭാഗമായി ഉണ്ടായിരുന്നു. വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഭക്തർക്കായി അന്നദാനവും ഒരുക്കിയിരുന്നു. രാത്രി ഒൻപത് മണിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ആഘോഷങ്ങൾ സമാപിച്ചത്.