Banner Ads

സവാള വിലക്കയറ്റം: വിപണി ഇടപെടൽ ഒരു മാസം കൂടി തുടരും; 30 ടൺ സവാളയ്ക്ക് കൂടി ഓർഡർ നൽകി സർക്കാർ

ദില്ലി : സംസ്ഥാനത്ത് സവാള വില നിയന്ത്രിക്കുന്നതിനായുള്ള സർക്കാറിന്റെ അടിയന്തര വിപണി ഇടപെടൽ അടുത്ത ഒരു മാസത്തേക്ക് കൂടി തുടരും. ഇതുവരെ 81.8 ടൺ സവാളയാണ് സർക്കാർ ഏജൻസികൾ വഴി വിപണിയിൽ എത്തിച്ചിട്ടുള്ളത്. 30 ടൺ സവാള കൂടി ഉടൻ ലഭ്യമാക്കാൻ ഓർഡർ നൽകിയിട്ടുണ്ട്.

നിലവിൽ കിലോയ്ക്ക് 35 രൂപ എന്ന സബ്‌സിഡി നിരക്കിലാണ് സർക്കാർ സവാള പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. സമയബന്ധിതമായ വിപണി ഇടപെടൽ വഴി വിലവർധനവ് വലിയൊരു അളവുവരെ പിടിച്ചുനിർത്താൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ.

ഗണേശ് ചതുർത്ഥിയും മറ്റ് ആഘോഷങ്ങളും അടുത്തിരിക്കെ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലുണ്ടായ വർധന ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. വിപണികളിൽ പുതിയ സീസണിലെ വിളവ് എത്തുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.

പുതിയ സീസണിലെ ഉള്ളി വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ള വിതരണം ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ അടുത്ത 20 മുതൽ 25 ദിവസത്തിനുള്ളിൽ പുതിയ സ്റ്റോക്ക് വിപണിയിലെത്തുന്നതോടെ ഉള്ളി വില സാധാരണ നിലയിലേക്ക് താഴുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.