Banner Ads

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; രാത്രിയിലെ ക്ഷാമത്തിന് പകൽ കിട്ടുന്ന വൈദ്യുതി പരിഹാരമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണ് ലഭിക്കുക. അതിനാൽ നിലവിലെ സാഹചര്യം നേരിടാൻ അത് അധികം പ്രയോജനപ്പെടില്ല.

രാത്രിയിലെ ഉയർന്ന ഉപഭോഗം നേരിടാനുള്ള പരിഹാരമാണ് വേണ്ടതെന്നും പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം റിപ്പോർട്ടർ ടിവിയിലെ പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത ഉയർന്നതും ലഭ്യത കുറഞ്ഞതുമാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണം. വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെൻഡർ വിളിച്ചിട്ടുണ്ട്.

അടുത്ത മാസം പീക്ക് സമയത്തെ ആവശ്യത്തിനായി 600 മെഗാവാട്ടിനും രാത്രി 12 മുതൽ രാവിലെ വരെയുള്ള സമയത്തേക്ക് 900 മെഗാവാട്ടിനും ടെൻഡർ ക്ഷണിച്ചു. രാവും പകലുമായി 300 മെഗാവാട്ട് അധിക വൈദ്യുതിക്കായും സമാനമായ രീതിയിൽ ഡിസംബർ വരെ നീളുന്ന ടെൻഡറുകൾ നൽകിയിട്ടുണ്ട്.

ഇതിൽ പകുതിയെങ്കിലും ലഭിച്ചാൽ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാമെന്നാണ് കണക്കുകൂട്ടൽ. അടുത്ത മാസത്തെ പീക്ക് സമയത്തേക്ക് 588 മെഗാവാട്ടിന് രണ്ടു ഘട്ടങ്ങളിലായി റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

വരുന്ന ജൂലൈ വരെ രാവും പകലും 200 മെഗാവാട്ട് വാങ്ങാനും അനുമതിയുണ്ട്. വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതി കടം ഈ മാസത്തോടെ അവസാനിക്കുന്നതിനാൽ 250 മെഗാവാട്ട് കൂടി അധികമായി ഉപയോഗിക്കാൻ കഴിയുന്നത് കെഎസ്ഇബിക്ക് താത്കാലിക ആശ്വാസമാകും.