
കൊച്ചി : മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് നടന്ന റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും റെയ്ഡ് എവിടെ നടത്തണം എന്ന് തീരുമാനിക്കുന്നത് പൊലീസാണെന്നും അതിൽ സർക്കാരിന്റെ ഇടപെടലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയ്ഡ് വിവരം റിപ്പോർട്ടർ ചാനലിലൂടെയാണ് അറിഞ്ഞതെന്നും വാർത്താസംപ്രേഷണം തടസ്സപ്പെട്ടതായി വിവരമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ ഭരണകാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ എടുത്ത നടപടികളും ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉണ്ടായ കേസും റെയ്ഡുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീണ വിജയന്റെ ഡയറിയിലെ കണക്കുകളെക്കുറിച്ച് പിണറായി വിജയനും മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നൽകുന്നത്. ഇഡിയുടെ കത്ത് സർക്കാർ പരിശോധിച്ച് വരികയാണെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതിവേഗ നടപടികൾ സ്വീകരിച്ചു വരുന്നു. ദീർഘകാല, ഹ്രസ്വകാല കരാറുകൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. തടസ്സം ഒഴിവാക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.