
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാനി സ്വദേശി ഇന്ദിര (58) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ഭർത്താവും മകനും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. വീടിന് പുറത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തുനിന്ന് മണ്ണെണ്ണക്കുപ്പിയും പൊലീസ് കണ്ടെടുത്തു.
വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.